ബിഹാറിൽ ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ വഖഫ് ഭേദഗതി നിയമം ചവറ്റുകുട്ടയിൽ എറിയുമെന്നാണ് ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞത്.
ഇത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണോയെന്നറിയാൻ വഖഫ് ഇരകൾക്കും ആപത്ത് തിരിച്ചറിഞ്ഞവർക്കുമൊക്കെ ആഗ്രഹമുണ്ട്. ഇന്ത്യ മുന്നണിയുടെ നയമാണെങ്കിൽ ഔദ്യോഗികമായി പ്രഖ്യാപിക്കണം.
കോൺഗ്രസ് നടപ്പാക്കിയ നിയമത്തിലെ കൈയേറ്റ വകുപ്പുകളിൽ ഉൾപ്പെടെ ബിജെപി ഭേദഗതി വരുത്തി. ഇതിനെതിരേ മുസ്ലിം സംഘടനകൾ ഹർജി കൊടുത്തെങ്കിലും ജനാധിപത്യ-മതേതര-ഭരണഘടനാ വിരുദ്ധമായ വകുപ്പുകളിലെ ഭേദഗതി സുപ്രീംകോടതിയും തള്ളിക്കളഞ്ഞിട്ടില്ല.
മറ്റുള്ളവരുടെ ഭൂമി തട്ടിയെടുക്കാനുള്ള വഖഫ് ബോർഡിന്റെ തന്ത്രത്തെക്കുറിച്ച് കേരള ഹൈക്കോടതി നിരീക്ഷിച്ചത് രണ്ടാഴ്ച മുന്പാണ്. ഭേദഗതികൾ ചവറ്റുകുട്ടയിലെറിയുമെന്ന് ഇന്ത്യ സഖ്യത്തിന്റെ പേരിലാണ് തേജസ്വി ആണയിട്ടിരിക്കുന്നത്.
ബിഹാറിലെ മുസ്ലിം വോട്ടാണു ലക്ഷ്യം. മറുവശത്ത് ഹിന്ദു വോട്ടും. ഇരുകൂട്ടരും തങ്ങളുടേതായ ന്യായങ്ങൾ നിരത്തി ഇന്ത്യയെ മതത്തിന്റെ പേരിൽ വീണ്ടും വിഭജിക്കുന്ന ഭയാനകമായ സ്ഥിതിവിശേഷമാണുള്ളത്. വർഗീയതയും തീവ്രവാദവും വേണ്ടാത്തവർ എവിടെ പോകും?
കത്തിഹാർ, കിഷൻഗഞ്ച്, അരാരിയ ജില്ലകളിലെ തെരഞ്ഞെടുപ്പു റാലിയിലാണ് ഇന്ത്യ സഖ്യത്തിന്റെ മുഖ്യമന്ത്രിസ്ഥാനാർഥിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് മുസ്ലിം പ്രീണനത്തിന്റെ അങ്ങേയറ്റത്തെത്തിയത്.
“ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ വഖഫ് ഭേദഗതി നിയമം ചവറ്റുകുട്ടയിലെറിയും. രാജ്യത്തെ വർഗീയശക്തികളുമായി എന്റെ പിതാവ് ലാലു പ്രസാദ് യാദവ് ഒരിക്കലും സന്ധി ചെയ്തിട്ടില്ല. എന്നാൽ, മുഖ്യമന്ത്രി നിതീഷ് കുമാർ എല്ലായ്പോഴും അത്തരം ശക്തികളെ പിന്തുണച്ചിട്ടുണ്ട്.
അദ്ദേഹം കാരണമാണ് ആർഎസ്എസും അതിന്റെ പരിവാര സംഘടനകളും സംസ്ഥാനത്തും രാജ്യത്തും വർഗീയവിദ്വേഷം പ്രചരിപ്പിക്കുന്നത്.” തന്റെ പിതാവ് ഹിന്ദുത്വയുമായി സന്ധി ചെയ്തിട്ടില്ലെന്ന് അഭിമാനിക്കുന്ന അദ്ദേഹം മുസ്ലിം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് അപമാനമായി കാണുന്നില്ല. കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും അതേ ശൈലിയാണിത്.
അതുകൊണ്ടാണ് യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്ലിം സമുദായത്തിനുവേണ്ടിയായിരിക്കണമെന്ന് പച്ചയ്ക്കു വർഗീയത പറയാനും, പറഞ്ഞതിൽ ഖേദമില്ലെന്ന് ആവർത്തിക്കാനും ആളുകൾ ധൈര്യപ്പെടുന്നത്. ഇസ്ലാമിക തീവ്രവാദത്തെ പിന്തുണയ്ക്കുന്നത് സംഘപരിവാറിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമാണെന്ന് വരുത്തിത്തീർക്കുന്ന രാഷ്ട്രീയകുറ്റം പൊതുബോധത്തെ സ്വാധീനിക്കുന്നുണ്ട്.
എല്ലാ വർഗീയതകളെയും ഒരുപോലെ തോൽപ്പിക്കാനുള്ള ഒരു ശ്രമവും നാം കാണുന്നില്ല. അതിന്റെ ഫലമാണ്; വഖഫ് നിയമത്തെയല്ല, അതിന്റെ നിയമവിരുദ്ധവും ജനദ്രോഹപരവുമായ വകുപ്പുകളെ പോലും തൊടാൻ സമ്മതിക്കില്ലെന്ന ലജ്ജാകരമായ വർഗീയ നിലപാട്. രണ്ടു വർഗീയ-തീവ്രവാദ ചേരികൾക്കിടയിൽ ശ്വാസം മുട്ടുകയാണ് ജനം.
ആഭ്യന്തര വിഷയങ്ങളിൽ മാത്രമല്ല, അന്തർദേശീയ വിഷയങ്ങളിലും ‘മതേതര പാർട്ടി’കളുടെ ഈ പക്ഷപാതം ദൃശ്യമാണ്. അവരുടെ യുദ്ധവിരുദ്ധതയും മനുഷ്യാവകാശ സങ്കടങ്ങളും, കൂട്ടക്കുരുതിക്കും പലായനങ്ങൾക്കുമെതിരേയുള്ള ഐക്യദാർഢ്യങ്ങളുമൊക്കെ ഗാസയ്ക്കപ്പുറത്തെ കുരുതിക്കളങ്ങളിലേക്ക് തിരിഞ്ഞുനോക്കില്ല.
ആഗോള തീവ്രവാദികളെ തീവ്രവാദികളെന്നു വിളിക്കുന്ന പ്രമുഖ നേതാക്കൾക്കുപോലും രക്ഷയില്ല. തങ്ങളുടെ പരമമായ ലക്ഷ്യം ക്രൈസ്തവരും യഹൂദരുമില്ലാത്ത ലോകമാണെന്നു മറയില്ലാതെ പറയുന്ന ആഗോള ഭീകരപ്രസ്ഥാനത്തെ ഇവിടെ വംശീയ-ഫാസിസ്റ്റെന്നല്ല, സ്വാതന്ത്ര്യസമര പോരാളികളെന്നാണു വിളിക്കുന്നത്! ഇസ്ലാമിക തീവ്രവാദത്തിന്റെ ഇരകളെ അഭിസംബോധന ചെയ്യില്ലാത്ത ഇന്ത്യ സഖ്യത്തിന്റെയും വേഷം മാറിയെത്തുന്ന പക്ഷപാതികളുടെയും രാഷ്ട്രീയം ആളുകൾക്കു മനസിലാകുന്നുണ്ട്.
മുസ്ലിം മതമൗലികവാദത്തെ എതിർക്കുകയും സംഘപരിവാറിന്റെ ആൾക്കൂട്ട ഭരണത്തെ എതിർക്കാതിരിക്കുകയും ചെയ്യുന്ന എൻഡിഎ രാഷ്ട്രീയത്തിന്റെ മറുപുറം മാത്രമാണിത്. വർഗീയവിരുദ്ധത ശക്തി പ്രാപിക്കേണ്ടത് ഈ രാജ്യത്തെ ഏറ്റവും വലിയ ആവശ്യമായ കാലത്ത് മതേതരത്വത്തിന്റെ കൊടി ഏറ്റെടുക്കാൻ ആരുമില്ലാതായി.
എൻഡിഎ സഖ്യം ഹിന്ദുത്വയുടെയും, ഇന്ത്യ മുന്നണി മുസ്ലിം പ്രീണനത്തിന്റെയും പതാക വഹിച്ചുകൊണ്ട് മുഖാമുഖം നിന്ന് പരസ്പരം വളർത്തിക്കൊണ്ടിരിക്കുന്നു. പരോക്ഷമായ ഈ ഇന്ത്യ വിഭജനത്തിന്റെ ഉത്തരവാദി ആരെന്ന തർക്കത്തിനിടയിൽ വിഭജനത്തിന്റെ ആഴമേറുന്നത് ആരുമറിയുന്നില്ല.
വഖഫ് പോലുള്ള കൈയേറ്റ നിയമത്തെയും നല്ല രീതിയിൽ മുന്നോട്ടു പോകുന്ന ക്രൈസ്തവ സ്ഥാപനങ്ങളിലേക്കുള്ള മതമൗലികവാദ സംഘടനകളുടെ നുഴഞ്ഞുകയറ്റത്തെയും ചെറുക്കാൻ ശ്രമിച്ചാൽ, ഉത്തരേന്ത്യയിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്നതു ചൂണ്ടിക്കാട്ടി ഒന്നിച്ചു നിൽക്കണമെന്ന് ആവശ്യപ്പെടുന്ന നികൃഷ്ട രാഷ്ട്രീയം പുറത്തെടുക്കും.
അല്ലെങ്കിൽ സംഘപരിവാറാക്കും. ഉത്തരേന്ത്യയിലെ സംഘപരിവാർ ആക്രമണങ്ങളെ ചെറുക്കണമെങ്കിൽ കേരളത്തിലെ മതമൗലികവാദങ്ങളെ പിന്തുണയ്ക്കണമെന്ന ആവശ്യം ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പാർട്ടികൾ കൈവെടിയേണ്ടതാണ്. വർഗീയതയും തീവ്രവാദവും അത്ര ആപത്കരമായി വളർന്നുകഴിഞ്ഞു. ഇതുവരെ വർഗീയ നിലപാട് സ്വീകരിച്ചിട്ടില്ലാത്ത സമുദായങ്ങളിലും അത്തരം മുളകൾ പൊട്ടിത്തുടങ്ങിയിട്ടുണ്ട്.
പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളെ നിരോധിക്കാൻ കോൺഗ്രസ് സർക്കാരുകൾക്കു കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് ഇന്ത്യ സഖ്യം അധികാരത്തിലെത്താൻ കാത്തിരിക്കുന്നത് ഹിന്ദുത്വയുടെ മർദനമേറ്റവരും മതേതര ചിന്താഗതിയുള്ളവരും മാത്രമല്ല, അവലും മലരും കുന്തിരിക്കവും വാങ്ങിവയ്ക്കാൻ മുന്നറിയിപ്പു തന്നവർ ഉൾപ്പെടെ കറകളഞ്ഞ മതമൗലികവാദികളുമുണ്ടെന്നു തിരിച്ചറിയണം.
ഭരണഘടനയെ കൈയിൽ പിടിച്ചാൽ പോരാ, നെഞ്ചിലേറ്റണം. രാഹുൽ ഗാന്ധിക്കൊപ്പം ഭരണഘടനയും പൊക്കിപ്പിടിച്ചു നടന്നയാളാണ് ഇപ്പോൾ വഖഫിലെ അധിനിവേശ വകുപ്പുകളിൽ വരുത്തിയ ഭേദഗതികൾ ചവറ്റുകുട്ടയിലെറിയുമെന്നു പറഞ്ഞത്. ആ പ്രസംഗവും ഇന്ത്യ മുന്നണി നേതാക്കളുടെ നിശബ്ദതയും കേരളത്തിലും വാചാലമാകുന്നത് മറക്കരുത്.